ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൻ്റെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ പാർലമെൻ്റ് വേദിയായി ഉപയോഗിക്കുമെന്ന് പാർലമെന്റിന് പുറത്ത് വെച്ച് മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് ഞാൻ നാളെ സംസാരിക്കും “, രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിനോടൊപ്പം സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. പ്രിയങ്കയും പ്രതികരിക്കാതെയാണ് മടങ്ങിയത്.
നിർമ്മല സീതാരാമൻ തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണ് ഞായറാഴ്ച അവതരിപ്പിച്ചത്. ഇത് 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിനായുള്ള പരിഷ്കാരങ്ങളുടെയും കാഴ്ചപ്പാടിൻ്റെയും രൂപരേഖയാണെന്ന് സർക്കാർ വിശേഷിപ്പിച്ചു.
കോൺഗ്രസ് നേതാവ് ജയറാം രമേശ് ബജറ്റിനെ തികച്ചും നിരുത്സാഹജനകമായത് എന്ന് വിശേഷിപ്പിച്ചു. പ്രധാനപ്പെട്ട പരിപാടികൾക്കും പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാത്തതിനാൽ പ്രസംഗം സുതാര്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംപി ശശി തരൂരും നിരാശ പ്രകടിപ്പിച്ചു. “ഞങ്ങൾക്ക് വളരെ കുറഞ്ഞ വിശദാംശങ്ങളാണ് ലഭിച്ചത്. എയിംസിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു”, തരൂർ പറഞ്ഞു.
തന്റെ സംസ്ഥാനത്തിന് നേട്ടമൊന്നുമില്ലെന്നും സ്ത്രീ വിരുദ്ധവും കർഷക വിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവുമാണ് ബജറ്റെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബജറ്റിനെ വിശേഷിപ്പിച്ചു.



