തിരുവനന്തപുരം: സൈബറാക്രമണത്തിൽ തനിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ പുതിയ പരാതി വ്യാജമാണെന്ന് രാഹുൽ ഈശ്വർ. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേയെന്നും ഒരു ജാമ്യവ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവത്കരിച്ച് എതിർ സ്വരങ്ങളെ നിശബ്ദമാക്കുന്ന ഈ പ്രവണത നല്ലതാണോ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സാമൂഹികമാധ്യമംവഴി വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നും ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുവതി പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാഹുൽ ഈശ്വറിന്‍റെ പ്രതികരണം.

‘എനിക്കെതിരെ പോലീസിൽ വീണ്ടും വ്യാജ പരാതി. എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. സോഷ്യൽ ഓഡിറ്റ്, വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവത്കരിച്ച് എതിർ സ്വരങ്ങളെ നിശബ്ദമാക്കുന്ന ഈ പ്രവണത നല്ലതാണോ? ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്നു ആലോചിച്ചു നോക്കൂ ?’, രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.

‘എനിക്ക് പോലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത്, നമുക്ക് ഈ പുരുഷ വേട്ട സ്പേസ് ഇല്ലാതാക്കണം. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം, പുരുഷ കമ്മിഷൻ വരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല, വീഡിയോ ചെയ്യുന്നതിന് കോടതി വിലക്കില്ല, ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. എന്നെ അറസ്റ്റ് ഇനിയും ചെയ്യുമായിരിക്കാം, പക്ഷെ സത്യം നീതി പുരുഷന്മാർക്ക് കിട്ടണം’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ വൈകീട്ടോടെ രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്. അതിജീവിതയുടെ പരാതി പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലി പരിശോധിച്ച ശേഷം തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറിയിരുന്നു.

യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ നേരത്തേ അറസ്റ്റിലായിരുന്നു. 2025 നവംബർ 30-ന് കസ്റ്റഡിയിലെടുക്കപ്പെട്ട രാഹുലിന് 16 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്.