തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് കേസുകളിലും തത്കാലത്തേക്ക് അറസ്റ്റ് ഭീഷണി ഒഴിവായെങ്കിലും അദ്ദേഹത്തെ ന്യായീകരിക്കാനിറങ്ങിയ രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അഴിക്കുള്ളില്‍ തന്നെ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുമെന്ന് കരുതിയ കേസായിരുന്നെങ്കിലും രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരായ പരാതി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍പോയിരുന്നു. ഈ ഘട്ടത്തിലാണ് കേസില്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രാഹുല്‍ ഈശ്വര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ നവംബര്‍ 30-നാണ് പോലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ്‌ചെയ്തത്. പോലീസ് വീട്ടില്‍ കസ്റ്റഡിയിലെടുക്കാന്‍ വരുന്ന രംഗങ്ങളും രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങളും പിന്നീട് പങ്കുവെച്ചു.
നവംബര്‍ 30-ന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ പിറ്റേദിവസംതന്നെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ജാമ്യഹര്‍ജി തള്ളി പ്രതിയെ റിമാന്‍ഡ്‌ചെയ്തു. ഇതോടെ ജയിലില്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോയി. തന്റേത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ജയിലില്‍ നിരാഹാരം തുടര്‍ന്നതോടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ആഹാരം കഴിക്കാമെന്ന് സമ്മതിച്ച് രാഹുല്‍ ഈശ്വര്‍ നിരാഹാരം അവസാനിപ്പിച്ചു.
ഇതിനിടെ, തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനായി വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ലെന്നായിരുന്നു ഇതില്‍ ഒരു പ്രതികരണം. തനിക്കെതിരേ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും വാദിച്ചു.
ഈ ഘട്ടത്തിലാണ് ആദ്യത്തെ പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനുപിന്നാലെ ഡിസംബര്‍ 10 ബുധനാഴ്ച രണ്ടാമത്തെ പീഡനക്കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം കിട്ടി. രണ്ട് പീഡനക്കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലികാശ്വാസം കിട്ടിയപ്പോഴും രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ തന്നെയാണ്.
അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിന് പുറമേ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യര്‍, രഞ്ജിത പുളിക്കന്‍ എന്നിവര്‍ക്കെതിരേയും ദീപാ ജോസഫ് എന്നയാള്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായതിന് പിന്നാലെ സന്ദീപ് വാര്യരും രഞ്ജിത പുളിക്കനും മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചു. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല. ഇതോടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയുംചെയ്തു.
ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം, 11 കിലോ കുറഞ്ഞു…
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നീതികിട്ടിയെന്നും അതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാഹുല്‍ ഈശ്വറിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണി വരെയാണ് കസ്റ്റഡി അനുവദിച്ചത്.
രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ലാപ്‌ടോപ്പിന്റെ പാസ്‌വേര്‍ഡ് ഇതുവരെ വെളിപ്പെടുത്തിയില്ലെന്നുമാണ് അന്വേഷണസംഘം പറയുന്നത്. തുടര്‍ന്നാണ് പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അതിനിടെ, ജയിലില്‍ നിരാഹാരം കിടന്ന് തന്റെ ശരീരഭാരം 11 കിലോയോളം കുറഞ്ഞെന്നും രാഹുല്‍ ഈശ്വര്‍ ബുധനാഴ്ച പ്രതികരിച്ചിരുന്നു. ”11 കിലോ കുറഞ്ഞു. നാലുദിവസം വെള്ളമില്ലാതെയും അഞ്ചുദിവസം ആഹാരമില്ലാതെയും കഴിഞ്ഞു. കിഡ്‌നിക്ക് പ്രശ്‌നമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ടാണ്”, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.



