ന്യൂഡൽഹി: രാഘവ് ഛദ്ദ എംപിയും ആം ആദ്മി പാർട്ടിയും തമ്മിൽ അസ്വാരസ്യങ്ങളെന്ന് സൂചന. രാഘവിനെ എഎപിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് പാർട്ടി കത്തുനൽകി. രാഘവിന് പകരം പഞ്ചാബിൽനിന്നുള്ള എംപി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡർ ആക്കണമെന്നും എഎപി കത്തിൽ അഭ്യർഥിക്കുന്നുണ്ട്.
പാർലമെന്റിൽ ഇനിമേൽ സംസാരിക്കാൻ രാഘവിന് സമയം അനുവദിക്കേണ്ടതില്ലെന്നും രാജ്യസഭാ സെക്രട്ടേറിയറ്റിനെ എഎപി അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഎപിയുടെ പഞ്ചാബിൽനിന്നുള്ള എംപിയാണ് രാഘവ്. നിലവിൽ രാജ്യസഭയിൽ എഎപിക്ക് പത്ത് എംപിമാരാണുള്ളത്. ഇതിൽ ഏഴുപേർ പഞ്ചാബിൽനിന്നും മൂന്നുപേർ ഡൽഹിയിൽനിന്നുമാണ്.
2023 മുതൽ എഎപിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ ആയിരുന്നു രാഘവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് കഴിഞ്ഞദിവസം രാഘവ് ഛദ്ദയെ എഎപി നീക്കംചെയ്തിരുന്നു.
കുറച്ചുകാലമായി എഎപി നേതൃത്വവും രാഘവുമായി അത്ര നല്ല ബന്ധത്തിലല്ലെന്നാണ് വിവരം. ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ വേളയിൽ സാമൂഹികമാധ്യമങ്ങളിലൂടെയോ പ്രസ്താവനയിലൂടെയോ രാഘവ് പ്രതികരിച്ചിരുന്നില്ല. അന്നത്തെ രാഘവിന്റെ മൗനം ചില ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പാർട്ടിയുടെ പ്രധാനപ്പെട്ട ചില പരിപാടികളിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
എഎപിയുടെ ആരംഭകാലം മുതൽക്ക് കെജ്‌രിവാളിനൊപ്പമുണ്ടായിരുന്ന നേതാക്കളിലൊരാളാണ് രാഘവ്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ഇദ്ദേഹം പാർട്ടിയുടെ നാഷണൽ ട്രഷററും രാഷ്ട്രീയകാര്യസമിതി അംഗവുമായിരുന്നു.



