ഈജിപ്തിനും ഗാസയ്ക്കുമിടയിലെ റഫാ ഇടനാഴി തുറന്ന് ഇസ്രയേല്‍. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് രണ്ട് വര്‍ഷത്തിന് ശേഷം ഇടനാഴി തുറന്നത്.  ഗാസയില്‍ നിന്ന് പരിമിത എണ്ണം പാലസ്തീന്‍കാര്‍ക്ക് കാല്‍നടയായി ഈ വഴി ഈജിപ്തിലേക്ക് പോകാം. യുദ്ധകാലത്ത് ഈജിപ്തിലേക്ക് പോയവരില്‍ ചിലര്‍ക്ക് മടങ്ങിവരാനും സാധിക്കും.

ഗാസയിലുള്ളവര്‍ക്കു പുറത്തേക്കു പോകാനാണുള്ള ഏക വഴിയാണിത്. ആദ്യദിവസം ഈജിപ്തില്‍നിന്ന് 50 പലസ്തീന്‍കാരാണ് ഗാസയിലേക്കു മടങ്ങിയത്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമായിരിക്കും ഇസ്രയേല്‍ ഇരുവശത്തേക്കും പലസ്തീന്‍കാരെ കടത്തിവിടുക. അടിയന്തര ചികിത്സയ്ക്കായി യാത്രാനുമതി തേടി കുട്ടികളടക്കം 20,000 പേരാണു ഗാസയിലുള്ളത്.

ഇസ്രയേല്‍ നിയന്ത്രണത്തിലുളള റഫാ നിലവില്‍ പാലസ്തീന്‍കാരെ പൂര്‍ണമായി ഒഴിപ്പിച്ച, കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തപ്പെട്ട പ്രദേശമാണ്. അതിര്‍ത്തി തുറന്നെങ്കിലും ഗാസയില്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കുളള ഇസ്രയേല്‍ വിലക്ക് തുടരും.