പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന്റെ നയതന്ത്ര നീക്കങ്ങളും സൈനിക നീക്കങ്ങളും പരസ്പരം വിരുദ്ധമാകുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവുകൾ പുറത്തുവന്നു. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം ഖത്തറിന് നേരെ മിസൈലാക്രമണം നടന്നു. ഗൾഫ് രാജ്യങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെ ഇറാന്റെ ആഭ്യന്തര അധികാര കേന്ദ്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

അയൽരാജ്യങ്ങളുടെ മണ്ണിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടായില്ലെങ്കിൽ അങ്ങോട്ട് യാതൊരുവിധ ആക്രമണങ്ങളും നടത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുൻകൂർ റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. എന്നാൽ ഈ വീഡിയോ പുറത്തുവന്ന് വെറും മിനിറ്റുകൾക്കകം ഖത്തറിന് നേരെ ഒരു മിസൈൽ ആക്രമണ ശ്രമം ഉണ്ടായി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ആക്രമണം പരാജയപ്പെടുത്തിയതായി ഖത്തർ അധികൃതർ സ്ഥിരീകരിച്ചു.

ഇറാനിയൻ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള മാധ്യമപ്രവർത്തകൻ റസൂൽ സർദാർ ഈ വൈരുദ്ധ്യത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുന്നു. ‘ഇറാനിലെ രാഷ്ട്രീയ നേതാക്കൾക്ക് ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരമുള്ളത്. രാജ്യത്തിന്റെ വിദേശ, സുരക്ഷാ നയങ്ങൾ തീരുമാനിക്കുന്നത് അവരല്ല,’ എന്ന് റസൂൽ സർദാർ പറഞ്ഞു. ഭരണഘടന പ്രകാരം പ്രസിഡന്റ് രാജ്യത്തെ രണ്ടാമനാണെങ്കിലും സൈനിക കാര്യങ്ങളിൽ പരമോന്നത നേതാവിനും ഐ.ആർ.ജി.സിക്കും അഥവാ റെവല്യൂഷണറി ഗാർഡ്സിനുമാണ് പൂർണ്ണ നിയന്ത്രണം.

രാജ്യം ഇപ്പോൾ ഒരു അതിജീവന പോരാട്ടത്തെ നേരിടുന്ന സാഹചര്യത്തിൽ, സുരക്ഷാ നയങ്ങളിൽ മസൂദ് പെസെഷ്കിയാനോ മറ്റ് രാഷ്ട്രീയ നേതാക്കൾക്കോ യാതൊരു സ്വാധീനവുമില്ല. സമാധാന കാലത്ത് പോലും അധികാര കേന്ദ്രം പരമോന്നത നേതാവിന്റെ ഓഫീസിലായതിനാൽ, യുദ്ധകാലത്ത് തീരുമാനങ്ങളെല്ലാം ഐ.ആർ.ജി.സി മാത്രമാണ് എടുക്കുന്നത്.

ഐ.ആർ.ജി.സിയുടെ പുതിയ തലവനായി ചുതലയേറ്റ അഹമ്മദ് വാഹിദിയാണ് ഇപ്പോൾ ഇറാന്റെ സൈനിക നീക്കങ്ങളെല്ലാം നിയന്ത്രിക്കുന്നത്. സംഘടന രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രനിലപാടുകാരനായ കമാൻഡർമാരിൽ ഒരാളായാണ് വാഹിദി കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ അയൽരാജ്യങ്ങളെ ആക്രമിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വാഹിദിയുടെ നേതൃത്വത്തിലുള്ള സൈന്യമാണ്. അവിടെ പ്രസിഡന്റിന്റെ സമാധാന പ്രഖ്യാപനങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് ഖത്തറിലെ ആക്രമണ ശ്രമം തെളിയിക്കുന്നത്.