കേരളാ പോലീസിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് പി.വി. അന്‍വര്‍ എംഎൽഎ. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിജിപി എടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ കീഴുദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും എംഎൽഎ പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററെ കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സർകാരിനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്” അൻവർ പറഞ്ഞു.



