കൊച്ചി: ശബരിമലയിൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശം. പദ്ധതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടിലാണ് നടപടി. പദ്ധതിയുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിനോട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ കോടതിയുടെ മുന്നിലേക്ക് എത്തിയത്. ഒരുമാസം മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. റിപ്പോർട്ട് സർക്കാർ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യം ഉൾപ്പടെ ദേവസ്വം ബോർഡ് നൽകണമെന്നും കോടതി നിർ​ദേശിച്ചിട്ടുണ്ട്. അതേസമയം, റിപ്പോർട്ടിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം സംബന്ധിച്ചും ആർക്കെതിരെയെല്ലാം നടപടി ഉണ്ടാകുമെന്നുമുള്ള കാര്യങ്ങൾ സർക്കാർ റിപ്പോർട്ട് പരിശോധിച്ചതിനുശേഷമേ വ്യക്തമാകൂ. 

2023 ഒക്ടോബറിലായിരുന്നു, ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്. പദ്ധതിയുടെ ഭാഗമായി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഫയൽ ചെയ്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായുരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നത്. തുടർന്ന് ശബരിമല കോഓഡിനേറ്ററായിരുന്ന എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. പുണ്യം പൂങ്കാവനം, ദേവസ്വം ബോർഡ് നടപ്പാക്കുന്ന പവിത്രം ശബരിമല എന്നീ പദ്ധതികളുടെ പേരിൽ ഭക്തരിൽനിന്ന് ഒരു ഫണ്ടും ശേഖരിക്കരുതെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു.

പരിസര ശുചീകരണബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ 2011-ലാണ് പോലീസ് പുണ്യം പൂങ്കാവനം തുടങ്ങുന്നത്.പദ്ധതിക്ക് വലിയ പ്രചാരം കിട്ടുകയും പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽവരെ പരാമർശിക്കപ്പെടുകയും ചെയ്തിരുന്നു.