വാഷിങ്ടന്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഇക്കഴിഞ്ഞ 15ന് യുഎസില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരെ പ്രത്യേക ദൗത്യം കൂടി ഏല്‍പ്പിച്ചിരുന്നു. പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം പ്രത്യേക ബാഗില്‍ ശേഖരിച്ച് റഷ്യയില്‍ തിരിച്ചെത്തിക്കുക. അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോര്‍ഫ്‌റിച്ചഡ്‌സണില്‍ ആയിരുന്നു ട്രംപ് – പുട്ടിന്‍ ചര്‍ച്ച.

ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ മിഖായേല്‍ റൂബിന്‍, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളില്‍ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്‌കേസുകളില്‍ മോസ്‌കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല.

72 കാരനായ പുട്ടിന്റെ മലമൂത്ര വിസര്‍ജ്യത്തിന്റെ സാംപിളുകള്‍ വിദേശ രാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അസാധാരണമായ നടപടി. അതേസമയം, അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ വര്‍ഷങ്ങളായി പിന്തുടരുന്ന സുരക്ഷാ നടപടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ല്‍ പുട്ടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മുതല്‍ തുടരുന്ന നടപടിയാണിതെന്ന് ദി എക്‌സ്പ്രസ് യുഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2018 ല്‍ പുട്ടിന്‍ വിയന്ന സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സുരക്ഷാ നടപടി നിലവിലുണ്ടായിരുന്നതായി ഫരീദ റുസ്തമോവ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും വര്‍ഷങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.