പലസ്തീൻ അനുകൂല പ്രസംഗത്തിനു പിന്നാലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെയും കുടുംബത്തേയും ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT). മേഘ വെമുരി എന്ന വിദ്യാര്‍ത്ഥിനിയേയാണ് വെളളിയാഴ്ച്ച നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും MIT അധികൃതർ വിലക്കിയത്. മെയ് 29 വ്യാഴാഴ്ച നടന്ന പരിപാടിയിൽ മേഘ വെമുരി പലസ്തീൻ അനുകൂല പ്രസംഗം നടത്തിയതിനെ തുടർന്നാണ് വിലക്കിയത്.

പലസ്തീൻ പിന്തുണയുടെ പ്രതീകമായി ചുവന്ന കെഫിയേ എന്ന പരമ്പരാഗത സ്കാർഫ് ധരിച്ചാണ് മേഘ വെമുരി വേദിയിലെത്തിയത്. ഗാസയിലെ ഇസ്രായേലിന്റെ നടപടികളെയും രാഷ്ട്രവുമായുള്ള എംഐടിയുടെ ഗവേഷണ ബന്ധങ്ങളെയും ശക്തമായി വിമർശിക്കാൻ വെമുറി തന്റെ വേദി ഉപയോഗിച്ചു. തന്റെ സഹ ബിരുദധാരികളോട് വിഷയത്തിൽ നിലപാട് സ്വീകരിക്കണമെന്നും മേഘ ആഹ്വാനം ചെയ്തു.

” എംഐടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യം ഇസ്രായേൽ അധിനിവേശ സേനയാണ്. ഇതിനർത്ഥം പലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് നമ്മുടെ രാജ്യം മാത്രമല്ല, നമ്മുടെ കോളേജും സഹായം നൽകുന്നു എന്നാണ്,” വെമുറി പറഞ്ഞു. “ഭൂമുഖത്ത് നിന്ന് പലസ്തീനെ തുടച്ചുനീക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്, എംഐടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്.” എന്നായിരുന്നു മേഘയുടെ വാക്കുകൾ.