ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി പ്രിയങ്കാ ചോപ്ര. എസ്.എസ്. രാജമൗലിയുടെ വാരണാസി എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ഗംഭീര തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം അറിയിക്കുന്നതിന് മുമ്പ് ഒരൊറ്റ കാര്യം മാത്രമാണ് താൻ രാജമൗലിയോട് അഭ്യർഥിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. സിനിമാ ബ്ലെൻഡിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
സിനിമയിൽ തനിക്ക് നൃത്തംചെയ്യാനുള്ള അവസരം നൽകണം എന്നായിരുന്നു പ്രിയങ്കയുടെ അഭ്യർഥന. ആറുവർഷത്തിലേറെയായി താൻ ഇന്ത്യൻ സിനിമ ചെയ്തിട്ട്. അദ്ദേഹം വിളിച്ചപ്പോൾ തന്നെ തനിക്ക് സിനിമയിൽ നൃത്തം ചെയ്യാൻ അവസരം നൽകുമോയെന്നാണ് ചോദിച്ചത്. ദയവുചെയ്ത് തരണം, കാരണം കാലങ്ങളായി താൻ നൃത്തം ചെയ്തിട്ടില്ല എന്നുപറഞ്ഞു. എന്നാൽ ചിത്രത്തിലെ നടനായ മഹേഷ് ബാബു ‘നീ കാരണമാണ് എനിക്കും നൃത്തംചെയ്യേണ്ടി വന്നത്’ എന്ന രീതിയിലാണ് സംസാരിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
നേരത്തേ മഹേഷ് ബാബുവിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളത്തിലെയും തെലുങ്കിലെയും ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ചോപ്ര കുറിച്ചിരുന്നു.
മന്ദാകിനി എന്ന കഥാപാത്രമായാണ് ‘വാരണാസി’യിൽ പ്രിയങ്ക ചോപ്രയെത്തുന്നത്. പ്രതിനായക കഥാപാത്രമായ കുംഭയായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മഹേഷ് ബാബു ആദ്യമായി ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാരണസി’. രുദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്.
202′ 2027 ഏപ്രിൽ ഏഴിന് വാരണാസി ലോകവ്യാപകമായി റിലീസ് ചെയ്യും. ശ്രീ ദുർഗ ആർട്സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണനും എസ്.എസ്. കാർത്തികേയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മഹത്തായ ദൃശ്യാനുഭവവുമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. ‘വാരാണസി’ തന്റെ സ്വപ്ന പദ്ധതിയാണെന്ന് മഹേഷ് ബാബു വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം എല്ലാവർക്കും അഭിമാനം നൽകുന്ന ഒന്നായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതിയും ചിത്രം ഇതിനകം നേടിയിട്ടുണ്ട്.



