കോളേജ് പഠനകാലത്തെ ബസ് യാത്രയുടെ ഓർമകൾ പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. ബസിന് അകത്തുകയറാനല്ല, ഫുട്ബോർഡിൽ നിൽക്കാനായിരുന്നു അക്കാലത്ത് തങ്ങൾക്ക് താത്പര്യമെന്ന് പ്രിയദർശൻ ഓർമിച്ചു. ഫുട്ബോർഡിൽ എങ്ങനെ നിൽക്കാൻ പറ്റും എന്നതാണ് ചിന്തയെന്നും പ്രിയദർശൻ പറഞ്ഞു. കെഎസ്ആർടിസിയുടെ ഓർമ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ഗതാഗതമന്ത്രി ഗണേഷ്കുമാറിനും നടന്മാരായ മണിയൻപിള്ള രാജുവിനും നന്ദുവിനുമൊപ്പം യാത്ര ചെയ്യുകയായിരുന്നു പ്രിയദർശൻ.
‘ചെങ്ങളൂർ ജങ്ഷനിൽനിന്ന് ഞാൻ കയറും. അതേ വണ്ടിയിൽ പൂജപ്പുര ജങ്ഷനിൽനിന്ന് വേറൊരാൾ കയറും. ഇന്നത്തെ സൂപ്പർസ്റ്റാർ മോഹൻലാൽ. അവരെല്ലാം എംജി കോളേജും നമ്മൾ യൂണിവേഴ്സിറ്റി കോളേജിലേക്കും’- കോളേജിലേക്കുള്ള ബസ് യാത്ര ഓർമിച്ച് പ്രിയദർശൻ പറഞ്ഞു.
‘പെൺകുട്ടികൾക്ക് സീറ്റ് മാറിക്കൊടുക്കുക പോലെ അന്നത്തെ പ്രായത്തിന്റെ കുറേ കളികൾ ഉണ്ടല്ലോ… ആ സമയത്ത് ചില ശത്രുതയും രണ്ടു ഗ്യാങ്ങും ഒക്കെയായിരുന്നു. അതൊരു ഭയങ്കര രസമാണ്. ഒരുദിവസം വൈകുന്നേരം വരുന്ന സമയത്ത് ചെറിയ തകരാർ ഉണ്ടായി. വണ്ടി യൂണിവേഴ്സിറ്റി കോളേജിന്റെ അവിടെ എത്തുമ്പോൾ ഡബിൾ അടിച്ച് വിട്ടുകളയും. വണ്ടി കോളേജിന്റെ മുമ്പിൽ നിർത്തില്ല. ബസ് യാത്ര ഒരു രസം തന്നെയായിരുന്നു ആ കാലത്ത്’- പ്രിയദർശൻ പറഞ്ഞു.