1300 കോടി ബോക്‌സ് ഓഫീസ് നേട്ടത്തിലേക്ക് കുതിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ’ സംവിധായകനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ ആദിത്യ ധർ തന്റെ സംവിധാന സഹായിയായിരുന്നുവെന്ന് പ്രിയദർശൻ ഓർമിക്കുന്നു. ഇരുവരും ഒന്നിച്ച് ചിത്രീകരണ വേളയിലുള്ള ചിത്രവും പ്രിയദർശൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.
എന്റെ ശിഷ്യൻ ഇത്രയും വലിയ വിജയങ്ങൾ നേടുന്നതു കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല. ‘ധുരന്ധറി’ന്റെ നേട്ടത്തിൽ ആദിത്യ ധറിന് അഭിനന്ദനങ്ങൾ. ‘ധുരന്ധർ 2′-ന് ഹൃദയം നിറഞ്ഞ ആശംസകൾ’, എന്നായിരുന്നു പ്രിയദർശന്റെ പോസ്റ്റ്.
രൺവീർ സിങ്ങിന് പുറമേ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവർ പ്രധാനവേഷത്തിലെത്തിയ ‘ധുരന്ധർ’ വലിയ പ്രേക്ഷകപ്രീതി നേടി പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ 1230 കോടി ആഗോള കളക്ഷൻ പിന്നിട്ടുകഴിഞ്ഞു. ഇതോടെ എക്കാലത്തേയും മികച്ച കളക്ഷൻ നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രമായി ‘ധുരന്ധർ’ മാറി. ഇന്ത്യയിൽനിന്ന് മാത്രം 800 കോടി നേടുന്ന ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ‘ധുരന്ധർ’ സ്വന്തമാക്കി. മാർച്ചിൽ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങും.
2019-ൽ പുറത്തിറങ്ങിയ ‘ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്’ ആണ് ആദിത്യ ധറിന്റെ ആദ്യചിത്രം. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ആദിത്യ ധർ നേടി. സ്വതന്ത്രസംവിധായകനാകുമുമ്പ് ആദിത്യ ധർ, പ്രിയദർശന്റെ സംവിധാന സഹായി ആയിരുന്നു. പ്രിയദർശന്റെ ‘ആക്രോശ്’, ‘തേസ്’ എന്നീ ചിത്രങ്ങൾക്ക് സംഭാഷണവും ഒരുക്കിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച ആദിത്യ ധർ, നടി യാമി ഗൗതമിനെയാണ് വിവാഹംചെയ്തത്.



