ക്രൈസ്തവർക്കുനേരെ നിരവധി അക്രമങ്ങൾ ദിനംതോറും നടക്കുന്ന നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ ജോൺ ഉബേച്ചു മോചിതനായി. മാർച്ച് 23 നാണ് ഒവേരി അതിരൂപതാംഗമായ ഫാദർ ജോൺ ഉബേച്ചുവിനെ അക്രമികൾ തട്ടിക്കൊണ്ടു പോയത്. മാർച്ച് 26 ന് അദ്ദേഹത്തെ മോചിപ്പിച്ചതായി അതിരൂപതയുടെ ചാൻസലർ ഫാ. പാട്രിക് സി. എംബാര അറിയിച്ചു.
“ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനും ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകിയതിനും ഞങ്ങൾ ദൈവത്തിനു നന്ദിപറയുന്നു. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ” – ഈ വാക്കുകളോടെയാണ് സന്തോഷകരമായ മോചനവാർത്ത ഫാ. പാട്രിക് അറിയിച്ചത്. മാർച്ച് 23 ഞായറാഴ്ച വൈകുന്നേരം, തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തിലെ ഒഗുട്ട പ്രവിശ്യയിൽനിന്നാണ് വാർഷികധ്യാനത്തിനു പോകുന്നതിനിടെ ഇസോംബെ തിരുക്കുടുംബ ദൈവാലയത്തിലെ വികാരിയായിരുന്ന ഫാദർ ജോൺ ഉബേച്ചുവിനെ അക്രമികൾ തട്ടിക്കൊണ്ടു പോയത്.
നൈജീരിയയിൽ ഇക്കഴിഞ്ഞ കാലയളവിൽ നിരവധി വൈദികരെയും സന്യസ്തരെയും വൈദിക വിദ്യാർഥികളെയും അക്രമികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. അവരിൽ ചിലർ മോചിതരായെങ്കിലും ചിലർ കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.