ഫാർമസിയിൽ നടത്തിയ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടതിന് പിന്നാലെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയറിഞ്ഞു. അതോടെ രണ്ട് കുടുംബം തകർന്നു എന്ന് കാണിച്ച് ഫാർമസിക്കെതിരെ നിയമനടപടിക്ക് യുവാവ്. ഗർഭനിരോധന ഗുളിക വാങ്ങാൻ പോയപ്പോഴാണ് യുവാവിന്റെ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടത്. ഇക്കാര്യം ഭാര്യ അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ചൈനയിലാണ് സംഭവം.
ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസിയിലാണ് യുവാവ് എത്തിയത്. ഗർഭനിരോധന ഗുളിക വാങ്ങുന്നതിനായി 15.8 യുവാൻ (ഏകദേശം 200 രൂപ)യായിരുന്നു ഫാർമസിയിൽ നൽകേണ്ടിയിരുന്നത്. എന്നാൽ, മൊബൈലിൽ ഓൺലൈൻ പേയ്മെന്റ് നടത്താൻ ശ്രമിച്ചത് പരാജയപ്പെടുകയായിരുന്നു സിസ്റ്റം എറർ കാരണമാണ് പണമടക്കാൻ സാധിക്കാതെ പോയത് എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെ, ഫാർമസി ജീവനക്കാർ പണം തിരികെ ലഭിക്കുന്നതിന് വേണ്ടി യുവാവിന്റെ മെമ്പർഷിപ്പ് കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു. അബദ്ധവശാൽ കോൾ പോയത് ഭാര്യയ്ക്കാണ്. ഫാർമസിയിൽ നിന്നും എന്താണ് വാങ്ങിയത് എന്ന് അവൾ അന്വേഷിക്കുകയും ചെയ്തു. ഗർഭനിരോധന ഗുളികകളാണ് വാങ്ങിയത് എന്ന് പിന്നാലെ സ്റ്റാഫ് അംഗം സ്ഥിരീകരിച്ചു. അതോടെയാണ് ഭർത്താവിന്റെ അടുപ്പത്തെ കുറിച്ച് ഭാര്യയറിഞ്ഞത്. ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കി. പിന്നാലെ ഫാർമസി രണ്ട് കുടുംബം നശിപ്പിച്ചു എന്ന് ആരോപിച്ച് മരുന്നിന്റെ രസീതും പിൻഗാങ് പൊലീസ് സ്റ്റേഷൻ ഓഗസ്റ്റ് 12 -ന് നൽകിയ പൊലീസ് റിപ്പോർട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്.