24-ാം വാർഡ് കൗണ്‍സിലറായ പ്രശോഭ് സി. വത്സനെതിരെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രശോഭിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറില്‍ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ഇയാള്‍ അതിക്രമം കാട്ടി.
നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതിയുടെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകർത്തിയിട്ടുണ്ടായിരുന്നു. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങള്‍ പകർത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.
തുടർച്ചയായ ഭീഷണികളും പീഡനങ്ങളും സഹിക്കവയ്യാതെയാണ് പരാതിയുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി. നിലവില്‍ പ്രശോഭ് ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്.
മുൻപ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍പ്പെട്ടപ്പോള്‍, പിന്നീട് പാലക്കാട് എത്തിയത് പ്രശോഭിന് വേണ്ടി വോട്ട് ചോദിക്കാനായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രശോഭ് ആദ്യം പോയതും രാഹുലിനെ കാണാനായിരുന്നു.



