തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അവഹേളിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന് ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനിൽ എത്തിയാൽ രേഖകൾ പരിശോധിക്കാമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മറുപടിനൽകാൻ 15 ദിവസംകൂടി പ്രശാന്തിന് നീട്ടിനൽകിയതും സസ്പെൻഷൻ തുടരാൻ ഉത്തരവിട്ടതും.

സസ്പെൻഷന്റെ ഭാഗമായി നൽകിയ കുറ്റപത്രത്തിന് പ്രശാന്ത് ഇനിയും മറുപടിനൽകിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാൽ, ഏഴ് കത്തുകൾ നൽകിയെന്നും മറുപടിനൽകിയില്ലെന്ന മാധ്യമവാർത്തകൾ വ്യാജമാണെന്നും ശനിയാഴ്ച ഫെയ്സ്ബുക്കിൽ പ്രശാന്ത് പോസ്റ്റിട്ടു.

കുറ്റപത്രത്തിന് മറുപടിനൽകേണ്ടത് അതിൽ പറയുന്ന കുറ്റങ്ങൾ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കിവേണം. പ്രശാന്ത് അങ്ങനെയൊരു മറുപടി നൽകിയിട്ടില്ല. പകരം ഉൾപ്പെടുത്തിയ രേഖകളെയും നിഗമനങ്ങളെയും സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. മറുപടിനൽകാനുള്ള സമയം ജനുവരി ആറുവരെയായിരുന്നു. എന്നാൽ, താൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നില്ലെന്ന കത്താണ് ഇതിന്റെ തലേന്ന് പ്രശാന്ത് നൽകിയത്.

കാർഷികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയ ബി. അശോകിനും സർക്കാർ തീരുമാനത്തോട് അതൃപ്തിയുണ്ട്. തദ്ദേശഭരണ പരിഷ്കരണ കമ്മിഷനിലേക്കാണ് അശോകിനെ മാറ്റിയത്. സെക്രട്ടേറിയറ്റിന് പുറത്തേക്ക് ഡെപ്യൂട്ടേഷനിൽ അയക്കുമ്പോൾ ഉദ്യോഗസ്ഥനോട് ആലോചിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് മാറ്റമെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ അശോക് നിയമനടപടി തേടുമെന്നാണ് സൂചന.