ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് നടനും മലയാള ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനുമായ പ്രകാശ് രാജ്. മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാതിരുന്നത് അവർ മമ്മൂട്ടിയെ അർഹിക്കാത്തതുകൊണ്ടാണെന്ന് പ്രകാശ് രാജ് പറഞ്ഞു. കേരളത്തിലെ അവാര്‍ഡ് ജൂറിയില്‍ യാതൊരു ഇടപെടലുമില്ലെന്നും കേന്ദ്രത്തില്‍ അങ്ങനെയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
ഇന്നു നടന്ന 55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു പ്രകാശ് രാജിന്റെ വിമർശനം. ‘ഫയല്‍സിനും പൈല്‍സിനുമാണ് അവാര്‍ഡ് കിട്ടുന്നത്. അത് എന്തുകൊണ്ടെന്ന് നമുക്കറിയാം. അങ്ങനൊരു ജൂറിയും അത്തരമൊരു കേന്ദ്രസര്‍ക്കാരും മമ്മൂക്കയെ അര്‍ഹിക്കുന്നില്ല,’ പ്രകാശ് രാജ് പറഞ്ഞു. മമ്മൂട്ടി യുവാക്കളുമായാണ് മത്സരിക്കുന്നതെന്നും ഭ്രമയുഗത്തിലെ അഭിനയസൂഷ്മത ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവ നടന്മാര്‍ ആ നിലവാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നതെന്നും അതൊക്കെ സംഭവിക്കുന്നതാണെന്നും പുരസ്കാര നേട്ടത്തിനു ശേഷം മമ്മൂട്ടി പ്രതികരിച്ചിരുന്നു. ‘എല്ലാവർക്കും നന്ദി. എനിക്ക് ഒപ്പം പുരസ്കാരങ്ങൾ നേടിയ സഹ അഭിനേതാക്കാളായ ആസിഫിനും ടൊവിനോയ്ക്കും ഷംല ഹംസയ്ക്കും സിദ്ധാർഥ് ഭരതനും സൗബിനും മറ്റു എല്ലാവർക്കും അഭിനന്ദനങ്ങൾ. റോണക്സ് സേവ്യറിനും അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ,’ മമ്മൂട്ടി പറഞ്ഞു.



