ചെന്നൈ: പ്രമുഖ സോപ്പ് ബ്രാൻഡായ ‘പവർ സോപ്പി’ൽ നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കരാർ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങൾ പരസ്യത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് തമന്ന കോടതിയെ സമീപിച്ചത്.
2005ലാണ് പവർ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന കരാറിൽ ഏർപ്പെട്ടത്. ഈ കരാർ കാലാവധി അവസാനിച്ചതിന് ശേഷവും കമ്പനി തന്റെ ചിത്രങ്ങൾ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നും തമന്ന കോടതിയിൽ വാദിച്ചു.
തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിലൂടെ കമ്പനി ലാഭമുണ്ടാക്കിയെന്നും അതിനാൽ ഒരുകോടി രൂപ നഷ്ടപരിഹാരമായി വേണമെന്നുമാണ് തമന്ന ആവശ്യപ്പെട്ടത്. കരാർ കാലാവധിക്ക് ശേഷം കമ്പനി ഈ ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ താരത്തിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എസ്. തമിഴ്സെൽവൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ വസ്തുതപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.



