പശ്ചിമേഷ്യൻ യുദ്ധം ജനജീവിതം ദുസ്സഹമാക്കുമ്പോഴും മാനവികത മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഇറാനിൽ നിന്ന് പുറത്തുവരുന്നത്. ടെഹ്റാൻ നഗരത്തിൽ നിന്നുള്ള ഒരു സാധാരണ ഉരുളക്കിഴങ്ങ് കച്ചവടക്കാരനാണ് യുദ്ധകാലത്തെ ഈ ഹൃദയസ്പർശിയായ കാഴ്ചയ്ക്ക് കാരണമായിരിക്കുന്നത്. പാവപ്പെട്ടവർക്ക് സൗജന്യമായി ഉരുളക്കിഴങ്ങ് നൽകുന്ന ഇദ്ദേഹത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്.

‘യുദ്ധകാലത്ത് പാവപ്പെട്ടവർക്ക് സൗജന്യം’

തന്റെ പിക്കപ്പ് വാനിന് പിന്നിൽ ഉരുളക്കിഴങ്ങ് വിൽക്കുന്ന ഒരു വ്യക്തിയുടെ ചിത്രമാണ് എക്സ് പ്ലാറ്റ്‌ഫോമിൽ ശ്രദ്ധ നേടുന്നത്. ഇദ്ദേഹം വാനിന് പിന്നിലായി വെച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണ് ഏവരുടെയും ഹൃദയം കീഴടക്കുന്നത്. ‘യുദ്ധസാഹചര്യത്തിൽ, ആവശ്യമുള്ള പാവപ്പെട്ടവർക്ക് ഉരുളക്കിഴങ്ങ് സൗജന്യമാണ്’ എന്നാണ് പേർഷ്യൻ ഭാഷയിൽ ആ ബോർഡിൽ എഴുതിയിരിക്കുന്നത്.

മറ്റൊരു ബോർഡിൽ 45,000 എന്ന് വിലയും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ലിവിങ് ഇൻ ടെഹ്റാൻ’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഈ ചിത്രം പുറത്തുവന്നത്. യുദ്ധത്തിന്റെ ഭീതികൾക്കിടയിലും ജനങ്ങൾ പരസ്പരം കാണിക്കുന്ന കരുതലും സ്നേഹവും ഈ ഒറ്റ ചിത്രത്തിലൂടെ വ്യക്തമാകുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘പീപ്പിൾ ഓഫ് ഇറാൻ’ എന്ന ഹാഷ്‌ടാഗോടെയാണ് ഈ ചിത്രം ലോകമെമ്പാടും പങ്കുവെക്കപ്പെടുന്നത്.

അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന യുദ്ധം ഇറാനിലെ സാധാരണക്കാരുടെ ജീവിതത്തെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമാണ്. ഇതിനിടയിലാണ് ഈ കച്ചവടക്കാരന്റെ വലിയ മനസ്സ് ലോകം കാണുന്നത്.

ഇറാൻ വയർ പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പച്ചക്കറികളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുദ്ധത്തിന് മുൻപ് കിലോയ്ക്ക് 70,000 തോമാൻ താഴെയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് ഇപ്പോൾ 1,20,000 തോമാൻ വരെയാണ് വില. ഇറച്ചി, കോഴി എന്നിവയ്ക്കും വലിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ട്.

സാധാരണയായി 240,000 തോമാനിൽ ലഭ്യമായിരുന്ന ഒരു ട്രേ മുട്ടയുടെ വില ഇപ്പോൾ 390,000 തോമാനായി കുതിച്ചുയർന്നു. ഈ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് തന്റെ ചെറിയ കച്ചവടത്തിൽ നിന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി ഉരുളക്കിഴങ്ങ് നൽകാൻ അദ്ദേഹം തയ്യാറാകുന്നത്. ഈ ചിത്രം യുദ്ധമുഖത്തെ ജനതയുടെ യഥാർത്ഥ അതിജീവനത്തിന്റെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണ്.