പയ്യോളി അങ്ങാടിയിൽ മരിച്ച ഈളുവയല്‍ മുഹമ്മദിന്റ മൃതദേഹമാണ് ഖബര്‍ തുറന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.27 വര്‍ഷമായി കുടുംബവുമായി അകന്ന് താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58കാരന്‍ മുഹമ്മദ് കഴിഞ്ഞ മാസം 26നാണ് മരിച്ചത്.

വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. മുഹമ്മദിന്റെ മൃതദേഹം ചെരിച്ചില്‍ പള്ളിയില്‍ ഖബറടക്കി.മരണത്തിനു പിന്നാലെ മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയാണ് മകന്‍ പരാതി നല്‍കിയത്. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും വേണ്ടിയാണ് എന്നും ബാക്കി പണം അക്കൗണ്ടിലുണ്ടെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

വടകര ആര്‍ഡിഓ അന്‍വര്‍ സാദത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാക്കണമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് മകന്‍ മുഫീദ് പറഞ്ഞു. എന്നാല്‍ മുഫീദിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിന്റെ സഹോദരന്‍ ഇസ്മയില്‍ പറയുന്നു.