​ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന യുദ്ധഭീതിക്കും അക്രമങ്ങൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സമാധാന പ്രാർഥനാ യോഗത്തിലാണ് മാർപാപ്പ ലോകനേതാക്കളോടും ജനങ്ങളോടും സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്തത്.

​​’സ്വയം ആരാധിക്കുന്നതും പണത്തോടുള്ള ആർത്തിയും മതിയാക്കൂ. അധികാരപ്രകടനങ്ങൾ അവസാനിപ്പിക്കൂ. യുദ്ധങ്ങൾ മതിയാക്കൂ’ – പാപ്പ പറഞ്ഞു. ജീവനെ സംരക്ഷിക്കുന്നതിലാണ് യഥാർഥ കരുത്തെന്നും ​ആയുധങ്ങൾക്കും അക്രമങ്ങൾക്കും പകരം ചർച്ചയിലേയ്ക്കും മധ്യസ്ഥതയിലേയ്ക്കും നേതാക്കൾ മടങ്ങിവരണമെന്നും ആയുധങ്ങൾ വർധിപ്പിക്കുന്നതിലല്ല സമാധാനം കെട്ടിപ്പടുക്കുന്നതിലാണ് രാജ്യങ്ങളുടെ ഉത്തരവാദിത്തമെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവർത്തിച്ച പാപ്പ, യുദ്ധം മൂലം ഭൂമിയിൽ ശവക്കുഴികൾക്ക് കുറവില്ലാത്ത അവസ്ഥയാണെന്നും മനുഷ്യർ പരസ്പരം ക്രൂശിക്കുന്നത് അവസാനിപ്പിക്കണമെന്നും വികാരാധീനനായി പറഞ്ഞു. ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധങ്ങൾക്കെതിരെയാണ് മാർപാപ്പ തന്റെ ഏറ്റവും ശക്തമായ ഈ നിലപാട് വ്യക്തമാക്കിയത്.