ഇറാനിൽ തുടരുന്ന സൈനിക നടപടികളിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക തയ്യാറല്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിനു പകരം ചർച്ചയുടെ പാത സ്വീകരിക്കണമെന്ന ലെയോ പാപ്പയുടെ ആഹ്വാനത്തിനു പിന്നാലെയായിരുന്നു ട്രംപ് തന്റെ നയം വ്യക്തമാക്കിയത്.
”ചർച്ചകളാകാം. പക്ഷേ, വെടിനിർത്തലില്ല” എന്ന് ട്രംപ് പറഞ്ഞു. ശത്രുപക്ഷത്തെ പൂർണ്ണമായും തകർക്കുന്ന ഘട്ടത്തിൽ വെടിനിർത്തലിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാന്റെ നാവിക-വ്യോമസേനകളും പ്രതിരോധസംവിധാനങ്ങളും നിലംപൊത്തിയെന്നും നേതൃനിര പൂർണ്ണമായും ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.
രാജ്യം ഇനി ഒരിക്കലും തിരിച്ചുവരാത്ത രീതിയിൽ തകർക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് വൈറ്റ് ഹൗസിൽ നിന്നുള്ള സൂചന. മാർച്ച് 15 നാണ് ലെയോ പതിനാലാമൻ മാർപാപ്പ ഇറാൻ യുദ്ധത്തിൽ അടിയന്തര വെടിനിർത്തലിനും സമാധാന ചർച്ചകൾക്കും ആഹ്വാനം ചെയ്തത്. ‘യുദ്ധത്തിന് ഉത്തരവാദികളായവർ അക്രമം അവസാനിപ്പിക്കണമെന്നും ചർച്ചയുടെ പാത തുറക്കണമെന്നും’ പാപ്പാ അഭ്യർഥിച്ചിരുന്നു. യുദ്ധം രൂക്ഷമായതോടെ മേഖലയിലുള്ള കത്തോലിക്കാ തീർഥാടകരും വിശ്വാസികളും വലിയ പ്രതിസന്ധിയിലാണ്.



