ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ളാവ്‌ ഷെവ്ച്ക്ക് ലെയോ പതിനാലാമൻ പാപ്പയെ വത്തിക്കാനിൽ സന്ദർശിച്ചു. മെയ് 15 ന് പ്രാദേശികസമയം രാവിലെയാണ് അപ്പസ്തോലിക കൊട്ടാരത്തിലെ ലൈബ്രറിയിൽ വച്ചാണ് മേജർ ആർച്ചുബിഷപ്പിനെ പാപ്പ സ്വീകരിച്ചത്.

ആർച്ചുബിഷപ്പ് നീതിയുക്തവും ശാശ്വതവുമായ ഒരു സമാധാനത്തിന് ആഹ്വാനം ചെയ്തു. എല്ലാ തടവുകാരെയും മോചിപ്പിക്കാനും വേർപിരിഞ്ഞ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും അഭ്യർഥിക്കുകയും ചെയ്തിരുന്നു. പാപ്പയുടെ സ്നേഹമസൃണമായ വാക്കുകൾക്ക്, ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ളാവ്‌ നന്ദിയർപ്പിച്ചു.

“ഉക്രേനിയൻ ജനതയുടെ മുറിവേറ്റ ആത്മാവിന് ഒരു യഥാർഥ ആത്മീയ തൈലമാണ് പാപ്പയുടെ വാക്കുകൾ എന്നാണ്, ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നുള്ള കുറിപ്പിൽ അറിയിച്ചത്. സദസ്സിന്റെ അവസാനം, പോരാട്ടത്തിൽ മരിച്ച ഒരു സൈനികന്റെ പിതാവ്, ബോഹ്ദാൻ പൈലിപിവ് വരച്ച, ഉക്രൈൻ ജനതയുടെ ദുഃഖപൂർണ്ണമായ ജീവിതം ചിത്രീകരിക്കുന്ന ‘മരണപ്പെട്ടവരുടെ പ്രാർഥന’ എന്ന ഛായചിത്രം പാപ്പയ്ക്ക് സമ്മാനിക്കുകയും ചെയ്തു.