ഗ്രാൻ കാനറിയ സ്റ്റേഡിയത്തിൽ ജൂൺ 11 ന് വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകവെ ലെയോ പതിനാലാമൻ പാപ്പ സ്നേഹം, കഷ്ടപ്പാട്, എളിമ എന്നിവയെക്കുറിച്ച് സംസാരിച്ചു. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തിനടുത്തുള്ള സ്പാനിഷ് ദ്വീപായ ഗ്രാൻ കാനറിയ, യൂറോപ്പിൽ ഒരു പുതിയ ജീവിതം തേടിയെത്തുന്ന കുടിയേറ്റക്കാരുടെ പ്രധാന താവളങ്ങളിലൊന്നാണ്.
ഈ ഭൂമി സാക്ഷ്യം വഹിച്ച കഷ്ടപ്പാടുകളെ താൻ ഓർക്കാൻ ആഗ്രഹിക്കുന്നുവെന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. കടലിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കായി ഒന്നിച്ച് പ്രാർഥിക്കാൻ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തിന് ഇസ്രായേൽ ജനത്തോടുള്ള ‘നിരുപാധികമായ’ സ്നേഹത്തെക്കുറിച്ച് വിവരിക്കുന്ന നിയമാവർത്തന പുസ്തകത്തിൽ നിന്നുള്ള വായനയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് ലെയോ മാർപാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.
ഈ ‘നിരുപാധികമായ’ ദൈവസ്നേഹത്തിലാണ് സ്നേഹിക്കാനുള്ള നമ്മുടെ വിളി വേരൂന്നിയിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു. ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ തലേന്നായിരുന്നു വിശുദ്ധ കുർബാന നടന്നത്. ക്രിസ്തുവിന്റെ ഹൃദയത്തിന്റെ സവിശേഷമായ ഒരു ഗുണമായ എളിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ലെയോ മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.
ആർഭാടപൂർണ്ണവും സകലയിടത്തും നിറഞ്ഞുനിൽക്കുന്നതുമായ ‘അഹംഭാവത്തിന്റെ’ ശബ്ദ കോലാഹലങ്ങളിൽ മുഴുകിയിരിക്കുന്ന ഇന്നത്തെ പലർക്കും, തങ്ങൾക്കുള്ളിൽ സ്നേഹത്തിന്റെ മറഞ്ഞിരിക്കുന്നതും സ്പന്ദിക്കുന്നതുമായ ഹൃദയം കേൾക്കാൻ ആവശ്യമായ നിശബ്ദതയില്ലെന്ന് മാർപാപ്പ പറഞ്ഞു.



