ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള അപ്പസ്തോലിക യാത്രയുടെ അഞ്ചാം ദിവസത്തിൽ കാമറൂണിലെ ജനങ്ങളെ അഭിസംബോധന ചെയ്യവെ, ലോകം നേരിടുന്ന പട്ടിണി മാറ്റാൻ വിഭവങ്ങൾ പങ്കുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ. രാജ്യത്തെ അഴിമതിയെയും ആഭ്യന്തരസംഘർഷങ്ങളെയും കുറിച്ച് മുൻദിവസങ്ങളിൽ പരാമർശിച്ചതിനു പിന്നാലെയാണ്, ജനങ്ങൾ നേരിടുന്ന രൂക്ഷമായ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചത്. കാമറൂണിന്റെ സാമ്പത്തിക കേന്ദ്രമായ ഡുവാലയിലെ ജപ്പോമ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ ബലിയിൽ ഏകദേശം 1,20,000 വിശ്വാസികൾ പങ്കെടുത്തു.

യേശു അയ്യായിരം പേർക്ക് ഭക്ഷണം നൽകിയ അദ്ഭുതത്തെക്കുറിച്ചുള്ള സുവിശേഷഭാഗം പരാമർശിച്ചുകൊണ്ട്, വിശക്കുന്നവരുടെ വേദന കാണാൻ നാം സന്നദ്ധരാകണമെന്ന് ഓർമ്മിപ്പിച്ച പാപ്പ, കാമറൂണിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന യാഥാർഥ്യം നിലനിൽക്കെ, “എല്ലാവർക്കും നൽകിയാൽ എല്ലാവർക്കും അപ്പമുണ്ട്” എന്ന വലിയ സന്ദേശമാണ് നൽകിയത്. പിഴുതെടുക്കുന്ന കൈ കൊണ്ടല്ല, മറിച്ച് നൽകുന്ന കൈ കൊണ്ടാണ് നാം ഭക്ഷണം എടുക്കുന്നതെങ്കിൽ ലോകത്ത് ആർക്കും വിശക്കില്ലെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.