അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ അതീവ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ലെയോ പതിനാലാമൻ മാർപാപ്പ. ഈ തീരുമാനം ലോകസമാധാനത്തിന് വലിയൊരു ‘പ്രത്യാശയുടെ അടയാളമാണെന്ന്’ പാപ്പ പറഞ്ഞു. വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അന്താരാഷ്ട്ര തലത്തിൽ നിർണ്ണായകമായ ഈ നീക്കത്തോടുള്ള തന്റെ പ്രതികരണം പാപ്പ അറിയിച്ചത്.
വെടിനിർത്തൽ വെറുമൊരു സാങ്കേതിക നടപടിയായി മാറാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ഥിരമായ സമാധാന ചർച്ചകളിലേക്കുള്ള ആദ്യ ചുവടുവെപ്പായി മാറണമെന്ന് മാർപാപ്പ ആഗ്രഹിച്ചു. ആയുധങ്ങളേക്കാൾ സംഭാഷണങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് പാപ്പ ഊന്നിപ്പറഞ്ഞു. യുദ്ധഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ രണ്ടാഴ്ചത്തെ ഇടവേള വലിയ ആശ്വാസമാകുമെന്ന് പാപ്പ പറഞ്ഞു. സമാധാനം കെട്ടിപ്പടുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ ലോകനേതാക്കളോട് പാപ്പ അഭ്യർഥിച്ചു. സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കത്തോലിക്കാ സഭ ലോകമെമ്പാടും പ്രത്യേക പ്രാർഥനകൾ തുടരുമെന്നും പാപ്പ വ്യക്തമാക്കി.



