അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഉയര്‍ത്തുന്ന സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും അത് ഇനിയും തുടരുമെന്നും ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

അമേരിക്ക-ഇസ്രയേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന യുദ്ധത്തെ വത്തിക്കാന്‍ എതിര്‍ത്തതിനെതിരെ ട്രംപ് രംഗത്തുവന്നിരുന്നു. എന്നാല്‍ തന്റെ സന്ദേശത്തെ പ്രസിഡന്റ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന സമാധാന സന്ദേശം സഭയുടെ ദൗത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത് നിര്‍ത്തണം എന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത് തന്നെ നേരിടാന്‍ വേണ്ടിയാണ് എന്നുംട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു.

ഇറാന് ഒരു ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് അയയ്ക്കുകയും, മയക്കുമരുന്ന് വ്യാപാരികള്‍, കൊലയാളികള്‍ എന്നിവരുള്‍പ്പെടെയുള്ള അമേരിക്കയിലേക്ക് അയക്കുകയും ചെയ്ത വെനിസ്വേലയെ അമേരിക്ക ആക്രമിച്ചത് ഭയാനകമാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. പോപ്പ് ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഉള്‍പ്പെടുത്തിയതെന്നും ട്രംപ് പറഞ്ഞു.