ജൂബിലി ഒരു പുതിയ തുടക്കമാണെന്നും, ദൈവത്തിൽ തങ്ങളുടെ ജീവിതം വീണ്ടും ആരംഭിക്കാനുള്ള ഒരു അവസരമാണ് ജൂബിലിവർഷം നൽകുന്നതെന്നും ഫ്രാൻസിസ് പാപ്പ. ജൂബിലിയുമായി ബന്ധപ്പെട്ട്, ജനുവരി പതിനൊന്ന് ശനിയാഴ്ച വത്തിക്കാനിൽ ജൂബിലി പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, പാപ്പ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

ദൈവികപുണ്യങ്ങളിലൊന്നായ പ്രത്യാശയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിക്കുകയെന്ന ലഷ്യത്തോടെയാണ് ജൂബിലിവർഷത്തിന്റെ ശനിയാഴ്ചകളിൽ ജൂബിലി പൊതുകൂടിക്കാഴ്ചകൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് പാപ്പാ വ്യക്തമാക്കി. ദൈവത്തിൽനിന്ന് വരുന്ന ശക്തിയാണ് പുണ്യമെന്ന് ലത്തീൻ ഭാഷയിലെ ‘വിർത്തുസ്’ (virtus) എന്ന വാക്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു. പ്രത്യാശയെന്നത് ഒരു ശീലമോ, സ്വഭാവമോ അല്ല, മറിച്ച് ദൈവത്തിൽനിന്ന് നമുക്ക് ചോദിച്ചുവാങ്ങാനുള്ള ഒരു ശക്തിയാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, ഇതിനായാണ് നാം തീർത്ഥാടകരായെത്തുന്നതെന്നും, ജീവിതത്തിന്റെ യാത്രയിൽ പുതിയൊരു തുടക്കത്തിനായുള്ള അനുഗ്രഹം പ്രാർത്ഥിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

യേശുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിക്കാൻ നാം ഒരുങ്ങുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതിനോടനുബന്ധിച്ച് യോഹന്നാനെന്ന പ്രത്യാശയുടെ വലിയ പ്രവാചകനെ നാം അനുസ്മരിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. സ്ത്രീയിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനെന്നാണ് യേശു യോഹന്നാനെക്കുറിച്ച് പറയുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. യോഹന്നാന്റെ അരികിലേക്ക് ജനങ്ങൾ എത്തിയതും, ഇതുപോലെ ഒരു പുതിയ തുടക്കത്തിനായാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.