സിനഡാലിറ്റിയെ എക്യുമെനിസത്തിൽനിന്ന് വേർപെടുത്താനാവില്ലെന്നും അവ ക്രിസ്തീയസാക്ഷ്യത്തിന് അനിവാര്യമാണെന്നും ഫ്രാൻസിസ് പാപ്പ. മലങ്കര മാർത്തോമ സുറിയാനി സഭയുടെ സിനഡ് പ്രതിനിധിസംഘവുമായി നവംബർ 11 നു നടന്ന കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.
ഒരു സഭ എന്ന നിലയിൽ എക്യുമെനിക്കൽ ദൗത്യത്തിൽ മലങ്കര മാർത്തോമ്മാ സഭ വഹിക്കുന്ന നിർണ്ണായകമായ പങ്കിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് “കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന ഒരു പാലമാണ് മാർത്തോമാ സഭ” എന്ന് ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു. കൂടാതെ, പാശ്ചാത്യ-പൗരസ്ത്യ ക്രിസ്തീയവിഭാഗങ്ങളെ സംയോജിപ്പിക്കുന്നതിൽ വഹിച്ച എക്യുമെനിക്കൽ പങ്കിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയ്ക്കും മലങ്കര വിശ്വാസികൾക്കും ആശംസകൾ നേരുകയും ചെയ്തു.
സിനഡാലിറ്റിയെ എക്യുമെനിസത്തിൽനിന്ന് വേർതിരിക്കാനാവാത്തതാണെന്നും ഇവ ക്രിസ്തീയസാക്ഷ്യത്തിന് അത്യന്താപേക്ഷിതമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. അതിനാൽ, ഉത്ഥിതനായ ക്രിസ്തുവിനോട് ചേർന്നുനിന്നുകൊണ്ട് സഭകൾ ഒരുമിച്ചുപ്രവർത്തിക്കേണ്ടത് ഉചിതമാണെന്നും പാപ്പ ഓർമപ്പെടുത്തി.



