പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ മാധ്യമപ്രവർത്തകരോട് പ്രത്യാശയുടെ കഥകൾ പറയാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ജൂബിലി വർഷത്തിലെ മാധ്യമ ജൂബിലി ആചരണത്തിന്റെ ഭാഗമായി വത്തിക്കാനിൽ ഒത്തുചേർന്ന ആയിരക്കണക്കിന് മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

“വാക്കുകളും ചിത്രങ്ങളും ആയുധമാക്കിയുള്ള അമൂല്യദൗത്യവും സവിശേഷ ഉത്തരവാദിത്വവുമാണ് മാധ്യമപ്രവർത്തകരുടേത്. ഈ ജൂബിലി വർഷം ഹൃദയങ്ങളെ മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കണം.” ഫ്രാൻസിസ് പാപ്പ സന്ദേശത്തിൽ പങ്കുവച്ചു. സത്യം പുറത്തുകൊണ്ടുവരാൻ ജീവൻ പണയം വച്ചുകൊണ്ടുള്ള പരിശ്രമങ്ങൾക്കിടയിൽ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെയും മാർപാപ്പ കൃതജ്ഞതയോടെ അനുസ്മരിച്ചിരുന്നു.

സോഷ്യൽ മീഡിയയുടെ ഉപയോഗം അത്യന്താപേക്ഷിതമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ആശയവിനിമയം പൊതുനന്മയ്ക്ക് ഉതകുന്നുണ്ടെന്ന് ഉറപ്പാക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.