കുക്കു പരമേശ്വരന് അമ്മ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു. ഹേമ കമ്മറ്റി രൂപീകരിക്കുന്നതിന് മുന്‍പ് എ.എം.എം.എയിലെ സ്ത്രീകള്‍ ഒരുമിച്ചുകൂടി സിനിമ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുന്‍കൈയെടുത്തത്.
ഇത് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. യോഗത്തിന് ശേഷം മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് ഈ മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നത്.
ഇപ്പോള്‍ മെമ്മറി കാര്‍ഡ് തങ്ങളുടെ കൈവശം ഇല്ലെന്നാണ് പറയുന്നത്. മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. മെമ്മറി കാര്‍ഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയില്‍ ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവര്‍ പത്രിക പിന്‍വലിച്ചിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരം നടക്കും.