വിദിശ: അധികൃതരുടെ നോട്ടക്കുറവുമൂലം ജോലിചെയ്യാത്തയാൾക്ക് ശമ്പളമായി നൽകിയത് 28 ലക്ഷം രൂപ. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് ജോലിയിലില്ലാത്ത ‘പോലീസ് കോൺസ്റ്റബിളി’ന് 12 വർഷത്തോളം ശമ്പളം നൽകിയത്. ജോലിയിൽ കയറിയെങ്കിലും പരിശീലനത്തിൽപ്പോലും പങ്കെടുക്കാതെ നിർത്തിപ്പോയ ആൾക്കാണ് ഇത്രയും കാലം തെറ്റായി ശമ്പളം നൽകിയതെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.
2011-ൽ മധ്യപ്രദേശ് പോലീസിൽ കോൺസ്റ്റബിളായി നിയമിതനായ ആളാണ് ഇത്തരത്തിൽ ഡ്യൂട്ടി ചെയ്യാതെ ശമ്പളം വാങ്ങിയത്. നിയമനം ലഭിച്ചശേഷം ഇയാളെ ആദ്യം ഭോപ്പാൽ പോലീസ് ലൈസെൻസിലേക്കാണ് നിയോഗിച്ചത്. പിന്നീട്, പ്രാഥമിക പോലീസ് പരിശീലനത്തിനായി സാഗർ പോലീസ് ട്രെയിനിങ് സെന്ററിലേക്ക് വിട്ടു. എന്നാൽ, അവിടെ ഹാജരാകുന്നതിന് പകരം, യാതൊരു വിവരവും അറിയിക്കാതെ ഇയാൾ വീട്ടിലേക്ക് പോകുകയായിരുന്നു. ഔദ്യോഗികമായി അവധിക്ക് അപേക്ഷിക്കുകയോ രേഖകൾ തിരികെ മേടിക്കുകയോ ചെയ്യാതിരുന്നതിനാൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥപ്പട്ടികയിൽ തുടർന്നു. മാസാമാസം കൃത്യമായി ഇയാളുടെ അക്കൗണ്ടിൽ ശമ്പളം എത്തുകയും ചെയ്തു. ജോലിയില്ലാത്ത ഒരാൾ ശമ്പളം കൈപ്പറ്റുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല.
പിന്നീട് വർഷങ്ങൾക്കുശേഷം 2023-ൽ, പോലീസ് സേനയുടെ ശമ്പള ഗ്രേഡ് നിർണയം ആരംഭിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽപെട്ടത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാളുടെ പഴയ സേവനരേഖകളും തിരിച്ചറിയൽ രേഖകളും കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഇതോടെയാണ് അശ്രദ്ധയുടെ വ്യാപ്തി വ്യക്തമായത്. വകുപ്പുതലത്തിലുണ്ടായ വലിയ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
വീഴ്ച വ്യക്തമായതോടെ അന്വേഷണം ആരംഭിച്ചു. കോൺസ്റ്റബിൾ തസ്തികയിൽനിന്ന് വിട്ടുപോയ ആളെ ചോദ്യംചെയ്തപ്പോൾ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ട്രെയിനിങ് ഉപേക്ഷിച്ചതെന്ന വിശദീകരണമാണ് പൊലീസിന് ലഭിച്ചത്. ഇതിനെ സാധൂകരിക്കുന്ന മെഡിക്കൽ രേഖകളും ഇയാൾ ഹാജരാക്കി. പുതിയ പോലീസ് നിയമങ്ങൾ തനിക്കറിയില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സേനയുമായി ബന്ധപ്പെടാതിരുന്നതെന്നും ഇയാൾ പറഞ്ഞു.