അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥ വളർത്തുന്ന എഴുപതോളം തെരുവുനായകൾ കാരണം പുറത്തിറങ്ങാൻപോലുമാകാതെ ദുരിതത്തിലായിരുന്നു നഗരസഭയിലെ കാട്ടായിക്കോണം വാർഡിലെ ചെങ്കോട്ടുകോണം സ്വാമിയാർമഠത്തിനു സമീപം താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരി രമ്യയും കുടുംബവും. കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ മെറ്റിൽഡയുടെ വീട്ടിലെ നായകളാണ് അയൽവാസികൾക്ക് ഭീഷണിയായത്.
മുന്നിൽ മതിലില്ലാത്ത വീട്ടിലെ മുറികളിലും ടെറസിലുമായാണ് നായകളെ പാർപ്പിച്ചിരിക്കുന്നത്. രാപകൽ ഭേദമെന്യേയുള്ള കുരയും പരിസരത്തെ രൂക്ഷമായ ദുർഗന്ധവും കാരണം വീട്ടിൽക്കഴിയാൻ കഴിയാത്ത അവസ്ഥയാണെന്ന് രമ്യ പറയുന്നു.
മൂന്നുവർഷം മുൻപ് രമ്യ ഇവിടെ വീടുവെക്കുമ്പോൾ രണ്ട് നായകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീട് തെരുവിൽനിന്ന് നായകളെ കൊണ്ടുവന്നതോടെ എണ്ണം എഴുപതോളമായി.
നായകളുടെ ആക്രമണം ഭയന്ന് രമ്യയുടെ പത്തുവയസ്സുള്ള മകനെ പലപ്പോഴും സ്‌കൂളിൽ അയക്കാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല. ഇലക്ട്രിസിറ്റി, വാട്ടർമീറ്റർ റീഡിങ്ങിനായി ഉദ്യോഗസ്ഥർപോലും ഇവിടേക്കു വരാറില്ല. മീറ്ററിന്റെ ഫോട്ടോ എടുത്ത് അയച്ചുനൽകുകയാണു പതിവ്.
ഗ്യാസ് സിലിൻഡർ എത്തിക്കാനോ ഓൺലൈൻ ഡെലിവറിക്കോ ജീവനക്കാർ തയ്യാറാകുന്നില്ല. നായകളെ ഭയന്ന് പോലീസിനെ വിളിച്ചാണ് പലപ്പോഴും ഇവർ സ്വന്തംവീട്ടിലേക്കു കയറുന്നത്. എന്നാൽ ഇപ്പോൾ പോത്തൻകോട് പോലീസും സഹായിക്കുന്നില്ലെന്ന് രമ്യ പറയുന്നു. ഇറച്ചിക്കടകളിൽനിന്നും ഹോട്ടലുകളിൽനിന്നും എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് നായകൾക്കു നൽകുന്നത്. ഇതു പരിസരത്താകെ ദുർഗന്ധം പടർത്തുന്നു.
നഗരസഭ, ഓംബുഡ്സ്മാൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കാട്ടായിക്കോണം വാർഡ് കൗൺസിലർ സിന്ധു ശശി, രമ്യയുടെ വീട് സന്ദർശിച്ചു. 17-ാം തീയതി നേരിട്ടെത്തി കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് മേയർ വി.വി. രാജേഷ് ഉറപ്പുനൽകിയതായി കൗൺസിലർ അറിയിച്ചു.
നായ വളർത്തൽ കാരണം ബുദ്ധിമുട്ടിലായ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ നാട്ടുകാർക്ക് ഒടുവിൽ ആശ്വാസം. നായ്ക്കളെ വീട്ടിൽ നിന്ന് മാറ്റാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ അറിയിച്ചു. നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ തെരുവുനായ്ക്കളെ വീട്ടിൽ വളർത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഒടുവിൽ സംഭവം വാർത്തയായതോടെയാണ് മനംമാറ്റമുണ്ടായത്.
നായകളെ വീട്ടിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് കോർപ്പറേഷൻ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. അയൽവാസികൾക്ക് നായ്ക്കൾ ബുദ്ധിമുട്ടാണെന്ന ബോധ്യമുണ്ടെന്ന് ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സർക്കാർ ഇടപെട്ട് നായകളെ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.
വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ അടിയന്തര യോഗം ചേർന്ന് പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് മേയർ വി.വി രാജേഷ് അറിയിച്ചിരുന്നു. അടുത്ത ദിവസം പരാതിക്കാരിയേയും പോലീസ് ഉദ്യോഗസ്ഥയേയും മേയർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
അയൽക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തെരുവുനായവളർത്തലിൽ നടപടിയുണ്ടാകുമെന്നും മേയർ അറിയിച്ചിട്ടുണ്ട്. പോലീസുകാരിക്ക് തെരുവുനായ്ക്കളെ വീട്ടിൽ വളർത്താൻ ലൈസൻസുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ ഈ നായ്ക്കളെ ഇവിടെ നിന്നു മാറ്റും. പരാതിയുടെ അടിസ്ഥാനത്തിൽ നായ്ക്കളെ തെരുവിലേക്ക് തുറന്നുവിടാൻ കഴിയില്ല. അവ കൂടുതൽ അക്രമകാരികളായി മാറും. നായ്ക്കൾക്ക് വാക്‌സിൻ നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ തേടും. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് തെരുവുനായ്ക്കളെ ഷെൽട്ടർ ചെയ്യുന്നതിനുള്ള ആദ്യഘട്ട നടപടികൾ കോർപ്പറേഷൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



