തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഡീൽ ആരോപണം കത്തുന്നതിനിടെ സി.പി.എം – എസ്.ഡി.പി.ഐ ഡീൽ ആരോപണം ശക്തമാക്കി യുഡിഎഫ്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സി.പി.എമ്മിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. എസ്ഡിപിഐ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് എന്നാണ് സൂചന. ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നാണ് എസ്‍ഡിപിഐ നേതാക്കളുടെ പരസ്യ നിലപാടെങ്കിലും, മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫ് സ്വതന്ത്രർക്ക് പിന്തുണ നൽകുമെന്നാണ് വിവരം. സിപിഎം -എസ്‍ഡിപിഐ ഡീൽ ആരോപണം ഇന്നലെ യുഡിഎഫ് നേതാക്കള്‍ ശക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തല, വിഡി സതീശൻ അടക്കമുള്ള നേതാക്കള്‍ സിപിഎം എസ്‍ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണ തേടുന്നുണ്ടെന്ന് ആരോപിച്ചിരുന്നു.
സിപിഎമ്മിന് എല്ലാവരുമായും ഡീൽ എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഒരുഭാഗത്ത് ബിജെപിയുമായും മറുഭാഗത്ത് എസ്ഡിപിഐയുമായും സിപിഎം ധാരണ ഉണ്ടാക്കുന്നുവെന്നും പിഎംഎ സലാം പുനലൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ സന്തോഷം. തന്നോട് സ്ഥാനാർത്ഥിയാകാൻ പാർട്ടി പറഞ്ഞില്ലെന്നും അതിന്‍റെ കാരണം പുറത്തു പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.



