ചെന്നൈയിൽ പുതിയ സഖ്യകക്ഷികൾക്കൊപ്പം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഒരു ‘പാരസൈറ്റ്’ (പരജീവി) സ്വഭാവമുള്ള പാർട്ടിയാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അയൽസംസ്ഥാനമായ കർണാടകയിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ടിവികെയ്ക്ക് അനുകൂലമായി ദീർഘകാല സഖ്യകക്ഷിയായ ഡി.എം.കെയെ ഉപേക്ഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ പരാമർശിച്ചായിരുന്നു മോദിയുടെ വിമർശനം. “അത് ഒരു പരജീവി പാർട്ടിയായി മാറിയിരിക്കുന്നു. കൊള്ളയടിച്ച പണത്തിന് വേണ്ടിയാണ് അവർ പോരാടുന്നത്. ആദ്യ അവസരത്തിൽ, സ്വന്തം സഖ്യകക്ഷിയെ ഉപേക്ഷിക്കാൻ അവർ തയ്യാറായി. കോൺഗ്രസ് പിന്നിൽ നിന്ന് കുത്താത്ത ഒരു പാർട്ടിയുമില്ല,” മോദി പറഞ്ഞു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പല പ്രതിസന്ധികളിലും കോൺഗ്രസിനെ ഡി.എം.കെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ അധികാരക്കൊതി കാരണം കോൺഗ്രസ് സ്വന്തം സഖ്യകക്ഷിയെ തന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. യു.പി.എയുടെ ഒന്നും രണ്ടും സർക്കാരുകളുടെ കാലത്ത് ഡി.എം.കെ പലതവണ കോൺഗ്രസിന് രക്ഷകരായിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ അവരെ വഞ്ചിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



