ചെന്നൈ: അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. വിഎസ്എം ഗാർഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ടി കരുണാകരൻ ആണ് മരിച്ചത്. പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു.

കരുണാകരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പിറ്റ് ബുൾ അപ്രതീക്ഷിതമായി ചാടി വീണത്. അയൽവാസിയായ പൂങ്കൊടി (48) യുടെ വളർത്തു നായയാണിത്. തുടൽ വലിച്ച് പൊട്ടിച്ച് നായ കരുണാകരനെ ആക്രമിച്ചു. ഉടനെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഉടമ പൂങ്കൊടിയെയും നായ കടിച്ചു. അപ്പോഴേക്കും അയൽവാസികൾ ഓടിയെത്തി.

എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് അവശനിലയിലായ കരുണാകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. പൂങ്കൊടി കെ കെ നഗർ ഇഎസ്ഐ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമരൻ നഗർ പോലീസ് ഉടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പിറ്റ്ബുളിനെ പിടികൂടി കണ്ണമ്മാപേട്ടിലെ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ നിരീക്ഷണത്തിലാക്കിയതായി കോടമ്പാക്കം സോണൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. 

ചെന്നൈയിൽ അടുത്ത കാലത്ത് ഇത് രണ്ടാം തവണയാണ് പിറ്റ്ബുൾ ആക്രമാസക്തനാകുന്നത്. നേരത്തെ തോണ്ടിയാർപേട്ടിൽ ഏഴു വയസ്സുകാരിക്ക് അയൽവാസിയുടെ പിറ്റ്ബുളിന്റെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും താടിക്കും ഗുരുതരമായി പരിക്കേറ്റു. മുഖത്തിനും ശരീരത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. വാടകവീട്ടിലെ ഒന്നാം നിലയിൽ താമസിക്കുന്ന കുട്ടി താഴത്തെ നിലയിലേക്ക് ഇറങ്ങി വന്നപ്പോഴാണ് ആക്രമണമുണ്ടായത്. തുടൽ വിട്ട മൂന്ന് വയസുള്ള പിറ്റ്ബുൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന കുട്ടിയുടെ അച്ഛൻ ഓടിയെത്തി നായയുമായി മല്ലിട്ട് കുട്ടിയെ രക്ഷിച്ചു. അപ്പോഴേക്കും മുഖത്ത് ആഴത്തിൽ മുറിവേറ്റിരുന്നു.

നായയുടെ കെയര്‍ ടേക്കർ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നായയുടെ യഥാർത്ഥ ഉടമ വിദേശത്താണെന്നും ജ്യോതിയുടെ കുടുംബം നായയെ ഏറ്റെടുക്കുകയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.