ഏതെങ്കിലും കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാറുകളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിൻ്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി