വിമാന പൈലറ്റുമാർക്കായുള്ള ബ്രത്ത് അനലൈസർ (BA) പരിശോധനാ നിയമങ്ങൾ കർശനമാക്കി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (DGCA). നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് പുതിയ പരിഷ്കരണത്തിലുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശ പൈലറ്റുമാർ (Expatriate pilots) വിമാനം പറത്തുന്നതിന് മുൻപുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയാൽ അവരുടെ FATA (Foreign Aircrew Temporary Authorisation) ഉടനടി റദ്ദാക്കും. ഇവർക്ക് പിന്നീട് ഇന്ത്യയിൽ ജോലി ചെയ്യാൻ അനുമതി നൽകില്ല.
വിമാനം പറത്തുന്നതിന് മുൻപ് നടത്തുന്ന പരിശോധനയിൽ മൂന്ന് തവണ മദ്യപിച്ചതായി കണ്ടെത്തിയാൽ പൈലറ്റിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം തവണയും പരിശോധനയിൽ പരാജയപ്പെടുകയോ, അല്ലെങ്കിൽ ഒരു തവണ പിടിക്കപ്പെടുകയും അടുത്ത തവണ പരിശോധനയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്താൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. വിമാനം ലാൻഡ് ചെയ്ത ശേഷമുള്ള പരിശോധനയിൽ പരാജയപ്പെട്ടാൽ മൂന്ന് വർഷത്തേക്ക് ലൈസൻസ് റദ്ദാക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ക്രൂ മെമ്പമാരുടെ വൈദ്യപരിശോധനാ നടപടിക്രമങ്ങളിൽ (CAR – Civil Aviation Requirement) മാറ്റങ്ങൾ വരുത്താൻ ഡിജിസിഎ നിർദ്ദേശിച്ചത്. വിമാന യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും വിമാനം പറത്തുന്നതിന് മുൻപും ശേഷവും മദ്യപാന പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്.
രക്തത്തിൽ മദ്യത്തിന്റെ അംശം പൂജ്യം ആണെങ്കിലും മദ്യപാനത്തിന് ശേഷമുള്ള ഹാങ് ഓവർ വിമാനം പറത്തുന്നതിന് തടസ്സമാണെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. മദ്യപാനത്തിന്റെ ആഘാതം 48 മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കാം. അതിനാൽ വിമാനം പറത്തുന്നതിന് 12 മണിക്കൂർ മുൻപ് നിർബന്ധമായും മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കണം.



