‘അവന്റെ മുഖം എന്നെ കാണിക്കൂ… ഞാൻ അവനെ ഒരുതവണ കൂടി കാണട്ടെ… നീ എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ… വരുമെന്ന് എനിക്ക് വാക്കുതന്നതല്ലേ…’ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സാനിയയുടെ ഈ വാക്കുകൾ കേട്ടുനിൽക്കാൻ അവിടെ കൂടിയവർക്കാർക്കും സാധിച്ചില്ല. കൺമുന്നിൽ മരവിച്ചുകിടക്കുന്ന തന്റെ പ്രിയപ്പെട്ടവനെ നോക്കി നെഞ്ചുതകർന്ന് കരയുന്ന അവളെ ആശ്വസിപ്പിക്കാനും ആർക്കും കഴിഞ്ഞില്ല. സാനിയയെ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഗുജറാത്തിലെ ജാംനഗറിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ ജെറ്റ് വിമാനം തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് സിദ്ധാർഥ് യാദവ് മരിച്ചിരുന്നു. ഹരിയാണയിലെ ഗ്രാമത്തിലെ വീട്ടിൽ സിദ്ധാർഥിന്റെ മൃതദേഹം എത്തിച്ചപ്പോഴാണ് ഈ വൈകാരിക രംഗങ്ങളുണ്ടായത്.
സിദ്ധാർഥിന്റെ പ്രതിശ്രുതവധുവായിരുന്നു സാനിയ. സിദ്ധാർഥിന്റെ മൃതദേഹത്തിനരികിൽ നിന്നുള്ള സാനിയയുടെ കരച്ചിൽ ആരുടേയും ഹൃദയം തകർക്കുന്നതായിരുന്നു. പത്ത് ദിവസം മാത്രം മുമ്പാണ് സിദ്ധാർഥും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഈ ദുരന്തം ഉണ്ടായിരുന്നില്ലെങ്കിൽ നവംബർ രണ്ടിന് ഇരുവരും വിവാഹിതരാകേണ്ടതായിരുന്നു.
സാങ്കേതിക തകരാറിനെ തുടർന്നാണ് ജാംനഗർ വ്യോമസേനാ താവളത്തിൽ നിന്ന് പുറപ്പെട്ട സിദ്ധാർഥ് പറത്തിയ ജാഗ്വർ യുദ്ധവിമാനം തകർന്നുവീണത്. വിമാനത്തിന്റെ തകരാർ ശ്രദ്ധയിൽപെട്ട ഉടൻ തനിക്കൊപ്പമുണ്ടായിരുന്ന പൈലറ്റ് മനോജ് കുമാർ സിങ്ങിനെ ‘ഇജക്ട്’ ചെയ്ത് രക്ഷപ്പെടുത്തുകയും തുടർന്ന് വിമാനത്തെ ജനവാസമുള്ള പ്രദേശത്തുനിന്ന് അകലേക്ക് കൊണ്ടുപോകുകയും ചെയ്തു.
സിദ്ധാർഥിൻറെ ഈ ധീരത സഹപൈലറ്റിന്റേയും അനേകം ജനങ്ങളുടേയും ജീവൻ രക്ഷിച്ചു. എന്നാൽ സ്വന്തം ജീവൻ രക്ഷിക്കാൻ സിദ്ധാർഥിന് സാധിച്ചില്ല. വിശാലമായ വയലിൽ വിമാനം തകർന്നുവീണു.
ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങളാണ് സിദ്ധാർഥിനെ അവസാനമായി കാണാനും യാത്രയാക്കാനുമായി വീട്ടിലേക്ക് ഒഴുകിയെത്തിയത്. വ്യോമസേനാംഗങ്ങൾ, സായുധസേനാംഗങ്ങൾ, പോലീസുകാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരും വീട്ടിലെത്തിയിരുന്നു. പൂർണ സൈനിക ബഹുമതിയോടെയാണ് സിദ്ധാർഥ് യാദവിന്റെ മൃതദേഹം സംസ്കരിച്ചത്.



