പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിനിടെ നഗരത്തിനുള്ളിലെ ഫോൺ സിഗ്നലുകൾ വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ച് വത്തിക്കാൻ. എന്നാൽ ഇത് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെ ബാധിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.

വത്തിക്കാൻ സിറ്റി ഗവർണറേറ്റിന്റെ പ്രസിഡൻസി ഓഫീസ് പറയുന്നത് പ്രകാരം, വത്തിക്കാൻ സിറ്റി പ്രദേശത്ത് നിലവിലുള്ള മൊബൈൽ ടെലിഫോണുകൾക്കായുള്ള ടെലികമ്മ്യൂണിക്കേഷൻ സിഗ്നലിന്റെ എല്ലാ ട്രാൻസ്മിഷൻ സംവിധാനങ്ങളും മെയ് 7 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നിർജ്ജീവമാക്കും.

“പരമോന്നത പോപ്പിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സിഗ്നൽ പുനഃസ്ഥാപിക്കപ്പെടും,” എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ നിർജ്ജീവമാക്കൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെ ബാധിക്കില്ലെന്ന് വത്തിക്കാൻ വക്താവ് മത്തിയോ ബ്രൂണി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ പ്രഖ്യാപിക്കുന്നതിനായി ആയിരക്കണക്കിന് വിശ്വാസികൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള സ്ക്വയറിൽ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് അതീവ രഹസ്യമായി നടക്കുന്നതിനാൽ തന്നെ കോൺക്ലേവിൽ പ്രവേശിക്കുമ്പോൾ കർദിനാൾമാർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കില്ല.