രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും വ്യവസായ ആവശ്യങ്ങൾക്കുള്ള ഡീസലിന് ലിറ്ററിന് 22 രൂപയുമാണ് വർദ്ധിപ്പിച്ചത്. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.

പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതുമാണ് പെട്ടെന്നുള്ള ഈ വിലവർദ്ധനവിന് കാരണം. പ്രീമിയം പെട്രോളിന് വില കൂടിയത് ഉയർന്ന ശേഷിയുള്ള ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അധിക ബാധ്യതയാകും. എച്ച്പിസിഎല്ലിന്റെ ‘പവർ’ പെട്രോൾ ഉൾപ്പെടെയുള്ള പ്രീമിയം ഇന്ധനങ്ങൾക്ക് ഈ വർദ്ധനവ് ബാധകമാണ്. വ്യവസായ ഡീസലിന് 22 രൂപ കൂട്ടിയത് ഉല്പാദന മേഖലയിലും ചരക്ക് നീക്കത്തിലും വലിയ പ്രതിഫലനമുണ്ടാക്കും.

2022 ഏപ്രിൽ മുതൽ രാജ്യത്ത് ഇന്ധനവിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാൽ വരും ദിവസങ്ങളിൽ സാധാരണ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾ നിർബന്ധിതരായേക്കും. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് വരും ദിവസങ്ങളിലും വിപണിയിൽ ആശങ്ക നിലനിർത്തുന്നു.