പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന അധിക തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കുന്നു. ആഗോള ഇന്ധന വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്ത് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവയിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ നിരക്കുകൾ 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

പെട്രോളിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയിൽ നിന്ന് 1.5 രൂപയായി കുറച്ചു. ഡീസലിൻ്റേത് ലിറ്ററിന് 16.5 രൂപയിൽ നിന്ന് 13.5 രൂപയായും വെട്ടിക്കുറച്ചിട്ടുണ്ട്. വിമാന ഇന്ധനത്തിന് 16 രൂപയുണ്ടായിരുന്ന കയറ്റുമതി തീരുവ ലിറ്ററിന് 9.5 രൂപയായാണ് കുറച്ചത്. കയറ്റുമതി തീരുവയിൽ ഇളവ് വരുത്തിയെങ്കിലും ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സാധാരണ ഉപഭോക്താക്കൾ നൽകേണ്ട എക്സൈസ് ഡ്യൂട്ടി നിലവിലുള്ള നിരക്കിൽ തന്നെ തുടരും. 

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായാണ് 2026 മാർച്ച് 27 മുതൽ അധിക തീരുവ ഏർപ്പെടുത്തിത്തുടങ്ങിയത്. നിലവിൽ അന്താരാഷ്ട്ര വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും ഇന്ത്യയിലെ നിരക്കും ഏകദേശം തുല്യമായ സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്.

രാജ്യത്ത് നിലവിൽ യാതൊരുവിധ ഇന്ധന പ്രതിസന്ധിയുമില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ആഭ്യന്തര ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും സർക്കാർ അറിയിച്ചു.