കാനഡ അടുത്തിടെ പൗരത്വ നിയമങ്ങളിൽ വരുത്തിയ ഇളവുകൾ പ്രയോജനപ്പെടുത്തി കനേഡിയൻ പൗരത്വത്തിന്  അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മുൻ തലമുറകളിൽ കനേഡിയൻ ബന്ധമുള്ളവർക്ക് പൗരത്വം നൽകുന്ന പുതിയ നിയമം വന്നതോടെ ഈ വർഷം പ്രതിമാസം ആയിരത്തിലധികം അപേക്ഷകൾക്കാണ് കാനഡ അനുമതി നൽകുന്നത്.

വിദേശത്ത് ജനിച്ച ആദ്യ തലമുറയ്ക്ക് മാത്രം പൗരത്വം പരിമിതപ്പെടുത്തിയിരുന്ന പഴയ കനേഡിയൻ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന 2023-ലെ കോടതിവിധിയെ തുടർന്നാണ് കാനഡ പൗരത്വ നിയമം ഭേദഗതി ചെയ്തത്. ഇതനുസരിച്ച് ഒന്നിലധികം തലമുറകളായി വിദേശത്ത് താമസിക്കുന്നവർക്കും തങ്ങളുടെ മുൻഗാമികൾ കനേഡിയൻ പൗരന്മാരായിരുന്നു എന്ന് തെളിയിച്ചാൽ പൗരത്വം ലഭിക്കും. ഈ വർഷം ജനുവരിയിൽ 1,140, ഫെബ്രുവരിയിൽ 1,255, മാർച്ചിൽ 1,405 എന്നിങ്ങനെയാണ് പൗരത്വ അനുമതികളുടെ എണ്ണം ഉയർന്നത്. ഇതിൽ പകുതിയോളം (48%) അപേക്ഷകരും അമേരിക്കയിൽ നിന്നുള്ളവരാണ്.

അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളുമാണ് കനേഡിയൻ പൗരത്വം നേടാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അപേക്ഷകർ വ്യക്തമാക്കുന്നു. കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഏർപ്പെടുത്തിയതും, കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച് സംസാരിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. അമേരിക്കയിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായാൽ കുടുംബത്തിന് മറ്റൊരു സുരക്ഷിത മാർഗ്ഗം (Backup option) ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കുടിയേറ്റ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കുന്നവർക്ക് വിസയോ മറ്റ് സമയപരിധികളോ ഇല്ലാതെ കാനഡയിൽ താമസിക്കാനും പഠിക്കാനും സാധിക്കും. പൗരത്വം ലഭിക്കുന്ന ഭൂരിഭാഗം ആളുകളും നിലവിൽ വിദേശത്ത് തന്നെ തുടരാനാണ് താല്പര്യപ്പെടുന്നത്. എന്നാൽ, കാനഡയിൽ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ഇത്തരം പുതിയ പൗരന്മാർക്ക്, വിദേശത്ത് ജനിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് ഈ പൗരത്വാവകാശം കൈമാറാൻ സാധിക്കില്ലെന്ന പരിമിതിയും ഈ നിയമത്തിലുണ്ട്.