മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ലോകമെമ്പാടുമുള്ള സഹായശേഖരമായ പീറ്റേഴ്‌സ് പെൻസിലേക്ക് സംഭാവന ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചാരണത്തെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക വാർത്താ പോർട്ടലായ വത്തിക്കാൻ ന്യൂസ് മുന്നറിയിപ്പ് നൽകി. ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റ്, വാട്സ്ആപ്പ് വഴി പ്രചരിച്ച ഒരു സന്ദേശത്തിലൂടെ സംഭാവനകൾ അഭ്യർഥിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പയുടെ പേരിൽ വ്യാജപ്രൊഫൈലുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം മാർപാപ്പയ്ക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇല്ലെന്ന് അവർ വ്യക്തമാക്കി. ഓൺലൈൻ സംഭാവനകൾ നൽകാനുള്ള സുരക്ഷിതമായ ഏകമാർഗം ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണെന്നും വത്തിക്കാൻ ന്യൂസിൽ പറയുന്നു.

വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് എല്ലാ ജൂൺ 29 നും മിക്ക ഇടവകകളിലും പത്രോസിന്റെ പെൻസിന്റെ ശേഖരണം നടത്തപ്പെടുന്നുണ്ട്. ലോകത്തിലെ കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾക്കും അത് നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന്റെ പ്രകടനമായി വിശ്വാസികൾ മാർപാപ്പയ്ക്കു നൽകുന്ന സാമ്പത്തിക സഹായമാണിത്. ഈ തീയതി അടുക്കുമ്പോഴാണ് ഇത്തരം വ്യാജ പ്രൊഫൈലുകൾ ഉയർന്നുവന്നിരിക്കുന്നത്.