പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികൾ ജയിൽമോചിതരായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരാണ് പുറത്തിറങ്ങിയത്. കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയിൽമോചനം. 

പ്രതികളെ സ്വീകരിക്കാനായി സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംവി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിരുന്നു. 

ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.  5 വർഷം തടവും 10,000 രൂപവീതം പിഴയുമാണ് ഇവർക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ.