ഇസ്രായേല്‍ വ്യോമാക്രമണങ്ങൾ കടുത്തതോടെ ലെബനനിൽ ജനജീവിതം വലിയ ദുരിതത്തിലായി. യു.എൻ എച്ച്.സി.ആർ (UNHCR) ലെബനൻ പ്രതിനിധി കരോലിന ലിൻഡ്ഹോം ബില്ലിംഗ് ജനീവയിൽ നൽകിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ലെബനനിൽ വീട് നഷ്ടപ്പെട്ടത്. ഒറ്റദിവസം കൊണ്ട് ലെബനനിൽ ഒരു ലക്ഷം ആളുകൾക്കാണ് തങ്ങളുടെ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 6,67,000 പേർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇതിന് പുറമെ മാർച്ച് രണ്ട് മുതൽ 80,000 സിറിയക്കാർ ലെബനനിൽ നിന്ന് തിരികെ സിറിയയിലേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണി നേരിടാൻ തുർക്കിയിലെ മലാത്യയിൽ നാറ്റോയുടെ സഹായത്തോടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കുകയാണെന്ന് തുർക്കി അറിയിച്ചു. ബഹ്റൈനിൽ ഇതുവരെ 105 മിസൈലുകളും 176 ഡ്രോണുകളും തകർത്തതായി ബഹ്റൈൻ പ്രതിരോധ സേനയും വ്യക്തമാക്കി. ഇതിനിടെ, യുദ്ധത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ റഷ്യയാണെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ അഭിപ്രായപ്പെട്ടു. എണ്ണവില വർദ്ധിച്ചത് ഉക്രെയ്ൻ യുദ്ധത്തിന് സാമ്പത്തികമായി അവരെ സഹായിച്ചെന്നും, അമേരിക്കയുടെയും നാറ്റോയുടെയും ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് തിരിക്കാൻ അവർക്ക് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



