പിവി അൻവർ എംഎൽഎയുടെ(PV Anvar MLA) ആരോപണത്തിന് പിന്നാലെ പത്തനംതിട്ട എസ്പി(Pathanamthitta SP) സുജിത് ദാസ്(Sujith Das) സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന് ഡിജിപിയുടെ(DGP) റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സുജിത്ത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് നിലവിൽ പത്തനംതിട്ട എസ്പിയാണ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്.
ഇതിനിടെ മുഖ്യമന്ത്രിയും എഡിജിപി എംആർ അജിത് കുമാറും ഇന്ന് വേദി പങ്കിടും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബും പരിപാടിയിൽ പങ്കെടുക്കും.
സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണമെന്ന ആലോചന സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഈ നീക്കങ്ങൾക്ക് ഊർജ്ജം നൽകുന്ന റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. അതേസമയം, പി ശശിയും എംആർ അജിത് കുമാറും ചേർന്ന് പൊലീസിനെ നിയന്ത്രിക്കുന്നതിലുള്ള അതൃപ്തിയാണ് സുജിത്തിന്റെ വാക്കുകളിൽ ഉള്ളതെന്നാണ് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ വാദം.



