പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 58 പേർ പ്രതികളാകും. മുഴുവൻ പേരെയും അറസ്റ്റുചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു. പെൺകുട്ടി 62 പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ നാലുപേർക്കെതിരേ വ്യക്തമായ വിവരങ്ങൾ കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു. 

കേസിൽ തിങ്കളാഴ്ച 15 പേർ കൂടി അറസ്റ്റിലായതോടെ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 43 ആയി. ഇതിൽ ഒരു പ്രതി വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യാൻ വേണ്ടിവന്നാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ളവർ പോലീസിന്റെ നിരീക്ഷണത്തിൽ ആണെന്നാണ് വിവരം. 

പീഡനക്കേസ് അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഡി ഐ ജി അജിത ബീഗത്തിനാണ് മേൽനോട്ടച്ചുമതല. പത്തനംതിട്ട എസ്പി ഉൾപ്പെടെ 25 ഉദ്യോഗ്സ്ഥർ പ്രത്യേക സംഘത്തിലുണ്ട്.