ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനി. സേഫ്ഗോൾഡ് സഹസ്ഥാപക റിയ ചാറ്റർജിയാണ് തനിക്കുണ്ടായ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ കോ-പൈലറ്റ് ബലംപ്രയോഗിച്ച് വാതിൽ തുറന്നുവെന്നാണ് റിയയുടെ ആരോപണം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപായിരുന്നു സംഭവം.
ആദ്യം ശുചിമുറി പൂട്ടിയപ്പോൾ ആരോ വാതിലിൽ മുട്ടിയെന്ന് റിയ പറയുന്നു. അതിനോട് പ്രതികരിച്ചെങ്കിലും വീണ്ടും വാതിലിൽ ആരോ മുട്ടി. ഇതിനിടെ ബലംപ്രയോഗിച്ച് വിമാനത്തിലെ കോ-പൈലറ്റ് വാതിൽ തള്ളിത്തുറന്നെന്നാണ് പരാതി. തന്നെ കണ്ടതോടെ കോ-പൈലറ്റ് വാതിൽ അടച്ചുവെന്നും അവർ പറയുന്നു.
തനിക്ക് ഒരേസമയം ഞെട്ടലും അപമാനവുമുണ്ടായതായി റിയ പറഞ്ഞു. വിമാനത്തിലെ വനിതാ ജീവനക്കാർ സംഭവത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. അവർ താൻ നേരിട്ട അനുഭവത്തിൽ ക്ഷമാപണം നടത്തി. എന്നാൽ, തനിക്ക് അവിടെനിന്ന് ഓടിരക്ഷപ്പെടാനാണ് തോന്നിയതെന്നും എന്നാൽ തുടർന്നും സീറ്റിൽ ഒന്നരമണിക്കൂർ തനിക്ക് തുടരേണ്ടിവന്നെന്നും റിയ ചൂണ്ടിക്കാട്ടി. ആ ഒന്നരമണിക്കൂർ നേരം താൻ അദൃശ്യയായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ആഗ്രഹിച്ചതായും അവർ ലിങ്ക്ഡ്ഇന്നിൽ കുറിച്ചു.
വീട്ടിലെത്തിയ ഉടനെ ഇൻഡിഗോയുടെ സിഇഒ ഉൾപ്പെടെയുള്ളവർക്ക് തനിക്കുണ്ടായ ദുരനുഭവം വിശദീകരിക്കുന്ന ഇ-മെയിൽ സന്ദേശം അയച്ചെന്നും റിയ പോസ്റ്റിൽ പറയുന്നു. കോർപ്പറേറ്റ് പദപ്രയോഗങ്ങളുള്ള മെയിൽ സന്ദേശവും ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള ഏതാനും ഫോൺ കോളുകളും മാത്രമായിരുന്നു ഇൻഡിഗോയുടെ മറുപടി. നഷ്ടപരിഹാരം തേടുന്നതിനല്ല തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റെന്ന് വ്യക്തമാക്കിയ റിയ, സംഭവം എയർലൈൻ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സ്ത്രീകളിലും കുട്ടികളുള്ള മാതാപിതാക്കളിലും അവബോധം വളർത്തുന്നതിനാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ ക്ഷമാപണവുമായി ഇൻഡിഗോ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ഒരു ക്രൂ അംഗത്തിൽനിന്ന് അബദ്ധവശാൽ നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ഒരിക്കൽക്കൂടി ക്ഷമചോദിക്കുന്നെന്ന് ഇൻഡിഗോ പ്രതികരിച്ചു. ഇൻഡിഗോ ഉപഭോക്താക്കൾക്കാണ് മുൻതൂക്കം നൽകുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള മുൻകരുതലുണ്ടാകുമെന്നും ഇൻഡിഗോ പ്രതികരിച്ചു.
ലിങ്ക്ഡ്ഇൻ ഉപയോക്താക്കളിൽ ചിലർ ഇൻഡിഗോയുടെ ക്ഷമാപണത്തെയും വിമർശിച്ചു. വിമാനത്തിലെ ശുചിമുറികളിൽ അകത്ത് ആളുണ്ടെന്ന് കാണിക്കുന്ന ഇൻഡിക്കേറ്ററുകളുണ്ടെന്നും അതിനാൽ ക്രൂ അംഗത്തിന് അബദ്ധത്തിൽ തെറ്റ് പറ്റിയതാകാമെന്ന് കരുതാനാവില്ലെന്നും ഇവർ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെടാനല്ല പോസ്റ്റെന്ന് റിയ വിശദീകരിച്ചെങ്കിലും ഇൻഡിഗോയോട് റിയ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.